---പരസ്യം---

ലോകത്തിൽ ഒന്നാമനായി രോഹിത്; അടിച്ചെടുത്തത് അത്യു​ഗ്രൻ റെക്കോർഡ്

On: November 30, 2025 7:48 PM
Follow Us:
പരസ്യം

റാഞ്ചി: സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ന് റാഞ്ചിയിൽ ആരംഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവിൽ 200 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. 

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിന്റെ 20ാം ഓവറിൽ ​ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസണെ സിക്സറിന് പറത്തിയാണ് രോഹിത് റെക്കോർഡ് സ്വന്തമാക്കിയത്. മുൻ പാകിസ്‌താൻ താരം ഷാഹിദ് അഫ്രീദിയെയാണ് രോഹിത് മറികടന്നത്. 351 സിക്‌സുകളാണ് അഫ്രീദി ഏകദിനത്തിൽ നേടിയിട്ടുള്ളത്. മത്സരം ആരംഭിക്കുമ്പോൾ 349 സിക്സറാണ് രോഹിതിന് ഉണ്ടായിരുന്നത്.

അതേസമയം, മത്സരത്തിൽ 51 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 57 റൺസെടുത്ത് രോഹിത് പുറത്തായി. മാർക്കോ ജാൻസണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 

ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ മിന്നും പ്രകടനമാണ് രോഹിത് നടത്തിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും അവസാന മത്സരത്തിൽ സെഞ്ച്വറിയും നേടിയാണ് രോഹിത് തിളങ്ങിയത്.

സിഡ്‌നിയിൽ നടന്ന അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരുപിടി റെക്കോർഡുകളും രോഹിത് സ്വന്തമാക്കിയിരുന്നു.ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമെന്ന സച്ചിൻ ടെണ്ടുൽക്കറിൻ്റെ റെക്കോർഡിനൊപ്പമെത്താനും ഹിറ്റ്മാന് സാധിച്ചു.

ഇരുവരും ഒമ്പത് സെഞ്ച്വറികളാണ് ഓസ്ട്രേലിയക്കെതിരെ നേടിയിട്ടുള്ളത്. ഇതിനു പുറമെ മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) അഞ്ചോ അതിലധികമോ സെഞ്ച്വറികൾ നേടിയ ലോകത്തിലെ ഏക ബാറ്ററെന്ന ബഹുമതിയും രോഹിത് ശർമയ്ക്ക് സ്വന്തമാണ്.

പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്‌പൂരിലും അവസാന മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!