---പരസ്യം---

കേന്ദ്രത്തെ വെല്ലുവിളിക്കാനൊരുങ്ങി ആപ്പിൾ; സഞ്ചാർ സാഥി ഇൻസ്റ്റാൾ ചെയ്യില്ല

On: December 2, 2025 7:47 PM
Follow Us:
പരസ്യം

ന്യൂഡൽഹി: എല്ലാ സ്മാർട്ട്‌ഫോൺ നിർമാതാക്കളും രാജ്യത്ത് വിൽക്കുന്ന ഉപകരണങ്ങളിൽ ‘സഞ്ചാർ സാഥി’ ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ വെല്ലുവിളിക്കാനൊരുങ്ങി ഐഫോണ്‍ നിർമാണ കമ്പനിയായ ആപ്പിള്‍. ഇതോടെ ആഗോള ടെക് ഭീമനും കേന്ദ്ര സർക്കാറും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുക്കിയേക്കും.

മൂ​ന്നാം ക​ക്ഷി ആ​പ്പു​ക​ൾ മു​ൻ​കൂ​ട്ടി ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന നി​ല​പാടുള്ള ആപ്പിൾ തങ്ങളുടെ എതിർപ്പ് സർക്കാറിനെ അറിയിക്കുമെന്നാണ് വിവരം. ഇത്തരം ഉത്തരവുകൾ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യത മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നാണ് ആപ്പിളുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച്​ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ​ചെയ്തു.

അതേസമയം, ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാനാകുമെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സൈബർ സുരക്ഷ മുൻനിർത്തിയാണ് നിർദേശമെന്നും മന്ത്രി പറഞ്ഞു.

ആപ്പ് നിർബന്ധമാക്കുന്നത് എന്തിന്? പ്രവർത്തനം എങ്ങനെ?

രാജ്യത്ത് സ്മാർട്ട് ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന സഞ്ചാർ സാഥി ആപ്പ് 2024 ജനുവരിയിലാണ് ലോഞ്ച് ചെയ്തത്. ആപ്പിന്‍റെ സഹായത്തോടെ ഇതുവരെ നഷ്ടമായ 22.76 ലക്ഷം ഫോണുകൾ കണ്ടെത്താൻ കഴിഞ്ഞെന്നാണ് സർക്കാർ കണക്കുകൾ. ഒക്ടോബറിൽമാത്രം 50,000 ഫോണുകൾ കണ്ടെത്തിയതായും പറയുന്നു.

രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനാണ് നിർമാണക്കമ്പനികൾക്ക്‌ കേന്ദ്രസർക്കാർ നൽകിയ നിർദേശം. 90 ദിവസത്തെ സമയമാണ് ഇത്‌ നടപ്പാക്കാൻ കമ്പനികൾക്ക് അനുവദിച്ചിട്ടുള്ളത്. ആപ്പ് ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയാത്ത വിധത്തിലാകണമെന്ന നിർദേശത്തിൽ ഇപ്പോൾ അയവ് വന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന മൊബൈൽ ഫോൺ ഉൽപാദകരായ ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ എന്നിവ നിർബന്ധമായും നിബന്ധന പാലിക്കണമെന്നാണ് നവംബർ 28ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ നിർദേശം.

മൊബൈൽ ഫോണുകളിലെ ഐഎംഇഐ നമ്പർ തിരുത്തുകയോ പകർത്തുകയോചെയ്യുന്ന സാഹചര്യങ്ങളിൽ ടെലകോം മേഖലയിലെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് ആപ്പ് നിർണായകമാണെന്ന് സർക്കാർ പറയുന്നു. എന്നാൽ, ആപ്പിളിന്റെ സ്വകാര്യതാനയത്തിന്‌ വിരുദ്ധമാണിതെന്ന് വാദമുണ്ട്. സ്പാം തടയുന്നതിനുള്ള ആപ്പ് ഉൾപ്പെടുത്താൻ നേരത്തേ ആപ്പിൾ വിസമ്മതിച്ചിരുന്നു. ആപ്പിളിന്റെ നയമനുസരിച്ച് പ്രൊപ്രൈറ്ററി ആപ്പുകൾ മാത്രമാണ് കമ്പനി നിർമാണഘട്ടത്തിൽ ഇൻസ്റ്റാൾചെയ്യുക. സർക്കാറിന്റെ അല്ലെങ്കിൽ തേഡ് പാർട്ടി ആപ്പുകൾ വിൽപ്പനക്കുമുമ്പായി ഇൻസ്റ്റാൾ ചെയ്യുന്നത് കമ്പനി നയത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓരോ ഫോണിലും 14 മുതൽ 17 അക്കംവരെയുള്ള ഐ.എം.ഇ.ഐ നമ്പരുണ്ട്. മൊബൈൽ ഫോണിനെ തിരിച്ചറിയാനുള്ള സവിശേഷ നമ്പറാണിത്. ഫോൺ മോഷണംപോയാൽ ഈ ആപ്പ് ഉപയോഗിച്ച് അധികൃതർക്ക് ഈ നമ്പറിലേക്കുള്ള നെറ്റ്‌വർക്ക് വിച്ഛേദിക്കാനാകും. സഞ്ചാർ സാഥി ആപ്പുപയോഗിച്ച് കേന്ദ്രീകൃത പോർട്ടൽവഴി ഉപയോക്താക്കൾക്ക് ഐ.എം.ഇ.ഐ നമ്പർ പരിശോധിക്കാനും സംശയകരമായ കോളുകൾ റിപ്പോർട്ടു ചെയ്യാനും മോഷണംപോയ ഫോണുകൾ ബ്ലോക്ക് ചെയ്യാനും സൗകര്യമുണ്ട്. നിലവിൽ ഈ ആപ്പ് ലക്ഷക്കണക്കിന് ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!