ഓയില്‍ ഇന്ത്യ ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആകെ രണ്ട് ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഫ്ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 16 ആണ്. ആകെയുള്ള രണ്ട് ഒഴിവുകളില്‍ പോര്‍ട്ട് ബ്ലെയറില്‍ ഒരു ഒഴിവ്, കൊച്ചിയില്‍ ഒരു ഒഴിവ് എന്നിങ്ങനെയാണ്.
ഈ നിയമനം പ്രാഥമികമായി രണ്ട് വര്‍ഷത്തേക്കാണ്. സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് ഇത് പിന്നീട് ഒരു വര്‍ഷം കൂടി നീട്ടാന്‍ സാധ്യതയുണ്ട്. കരാര്‍ കാലാവധിയില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് സ്ഥാപനത്തിന്റെ അനുവാദമില്ലാതെ മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ അനുവാദമില്ല. കമ്പനി അവധികള്‍ ബാധകമായിരിക്കും. ബാധകമായ ഇന്‍കം ടാക്സും ജിഎസ്ടിയും നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് ഈടാക്കുന്നതാണ്.
കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓഫീസര്‍ (ഓഫ്ഷോര്‍ ഡിഫന്‍സ് & സെക്യൂരിറ്റി കോര്‍ഡിനേഷന്‍) എന്ന തസ്തികയിലേക്കാണ് നിയമനം. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. വിരമിച്ച ഇന്ത്യന്‍ നേവി ഓഫീസര്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഇന്ത്യന്‍ നേവിയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവന പരിചയം നിര്‍ബന്ധമാണ്.
ഓഫ്ഷോര്‍ എണ്ണ, വാതകം, സമുദ്ര സുരക്ഷ, അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍, ഓഫ്ഷോര്‍ സുരക്ഷാ നയ രൂപീകരണം, HSE (ആരോഗ്യം, സുരക്ഷ, പരിസ്ഥിതി) എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍, തീരസംരക്ഷണ സേന, തീരദേശ പോലീസ് എന്നിവരുമായി മികച്ച ഏകോപന ശേഷി ആവശ്യമുള്ള ഒരു ജോലിയാണിത്.
2025 ഡിസംബര്‍ 16 ലെ കണക്കനുസരിച്ച്, അപേക്ഷകരുടെ പ്രായം 40-നും 50-നും ഇടയിലായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,50,000 രൂപ ശമ്പളം ലഭിക്കും. ഈ തുകയില്‍ പ്രാദേശിക യാത്ര, ഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള ആഭ്യന്തര യാത്രകള്‍ക്ക് പ്രതിദിനം 1,800 രൂപ അധികബത്തയും ലഭിക്കും.
പന്ത്രണ്ട് മാസത്തെ സേവനത്തില്‍ 20 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ട്. ഇത് പ്രോ-റേറ്റ അടിസ്ഥാനത്തിലായിരിക്കും. അവധികള്‍ കൂട്ടിച്ചേര്‍ക്കാനോ പണമാക്കി മാറ്റാനോ സാധിക്കില്ല. ഓരോ മൂന്നു മാസത്തിലും ഹോം ടൗണ്‍ സന്ദര്‍ശനത്തിനായി 15 ദിവസത്തെ യാത്രാസൗകര്യവും (യാത്രാ ദിനങ്ങളടക്കം) കമ്പനി ക്രമീകരിക്കുന്നു. നിയമനസ്ഥലത്ത് ബാച്ചിലര്‍ താമസസൗകര്യവും ലഭ്യമാക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ വ്യക്തിഗത അഭിമുഖത്തിലൂടെയായിരിക്കും നടക്കുക. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്തയോ ദൂരയാത്രാബത്തയോ (TA/DA) ലഭ്യമല്ലെന്ന് ഓയില്‍ ഇന്ത്യ അറിയിച്ചു. അപേക്ഷകര്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള അപേക്ഷാ ഫോര്‍മാറ്റ് പൂര്‍ണ്ണമായി പൂരിപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷാ ഫോം, ആവശ്യമായ രേഖകള്‍ സഹിതം സ്കാന്‍ ചെയ്ത് adv_dsc2025@oilindia.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയും സ്ഥലവും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അവസാന തീയതിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യാനും www.oil-india.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.












