ഇന്ന് ഡിസംബർ 26 മുതൽ ട്രെയിൻ ടിക്കറ്റുകളിൽ വമ്പൻ മാറ്റം വരുന്നു. ഈ വർഷം രണ്ടാമത്തെ തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മറ്റു ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ പ്രവർത്തിച്ചു കൊണ്ടിരുന്നത് ട്രെയിനുകളായിരുന്നു. എന്നാൽ അവയ്ക്കും ഇനി ചിലവേറും. ഇന്ത്യൻ റെയിൽവേയുടെ പുതിയ യാത്രാ നിരക്ക് ഘടനയെക്കുറിച്ച് വിശദമായി പരിശോധിക്കാം;
പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രകാരം, നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നൽകേണ്ടിവരും. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ-എസി കോച്ചുകളിൽ കിലോമീറ്ററിന് 2 പൈസ വീതം വർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ എസി കോച്ചുകൾക്കും കിലോമീറ്ററിന് 2 പൈസ വീതം വർദ്ധിപ്പിച്ചു.
സബർബൻ സർവീസുകൾക്ക് നിരക്ക് വർദ്ധനവില്ല
പുതുക്കിയ നിരക്ക് പ്രകാരം സബർബൻ സർവീസുകൾ, സീസൺ ടിക്കറ്റുകൾ എന്നിവക്കൊന്നും നിരക്കിൽ മാറ്റമില്ല. സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 215 കിലോമീറ്റർ വരെയുള്ള യാത്രക്ക് നിരക്ക് വർദ്ധനവില്ല.
പ്രധാന ട്രെയിൻ സർവീസുകളുടെ നിരക്കുകൾ
തേജസ് രാജധാനി, രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, ഹംസഫർ, അമൃത് ഭാരത്, തേജസ്, മഹാമന, ഗതിമാൻ, അന്ത്യോദയ, ഗരീബ് രഥ്, ജൻ ശതാബ്ദി, യുവ എക്സ്പ്രസ്, നമോ ഭാരത് റാപ്പിഡ് റെയിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന ട്രെയിൻ സർവീസുകളുടെ നിലവിലുള്ള അടിസ്ഥാന നിരക്കുകൾ പരിഷ്കരിച്ചു.
റിസർവേഷൻ ഫീസും സൂപ്പർഫാസ്റ്റ് ചാർജുകളും
ടിക്കറ്റ് നിരക്ക് വർദ്ധിച്ചെങ്കിലും റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജുകൾ എന്നിവയിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
ജിഎസ്ടി വിവരങ്ങൾ
ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ ബാധകമായ ജിഎസ്ടി ഈടാക്കുന്നത് തുടരുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു.
പഴയ ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമല്ല
ഇന്ന് ഡിസംബർ 26 മുതലാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുന്നത്. നിങ്ങൾ നേരത്തെ, അതായത് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നുണ്ടെങ്കിൽ പുതിയ നിരക്കുകൾ ബാധകമാവില്ല. നിങ്ങൾ ബുക്ക് ചെയ്ത അതേ ടിക്കറ്റിൽ തന്നെ യാത്ര അനുവദനീയമാണ്.
ടിടിഇമാർ നൽകുന്ന ടിക്കറ്റുകളുടെ നിരക്ക്
ഇന്ന് മുതൽ ട്രെയിനുകളിലോ സ്റ്റേഷനുകളിലോ ടിടിഇമാരോ ടിക്കറ്റ് പരിശോധനാ ജീവനക്കാരോ നൽകുന്ന പുതിയ ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്കുകൾ ഈടാക്കുമെന്ന്
റെയിൽവേ സ്റ്റേഷനുകളിൽ പുതിയ നിരക്ക് പ്രദർശിപ്പിക്കും
സ്റ്റേഷനുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു.
ട്രെയിൻ ടിക്കറ്റ് നിരക്കിലെ ഈ മാറ്റം എല്ലാ യാത്രക്കാരെയും ബാധിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ വികസനത്തിൻ്റെ ഭാഗമായിട്ടാണ് ഈ നിരക്ക് വർദ്ധന. എന്നാൽ ഇത് ഈ വർഷത്തെ രണ്ടാമത്തെ നിരക്ക് വർദ്ധനവാണെന്നതും നിരാശാജനകമാണ്. ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ മാറ്റത്തെ കുറിച്ച് അറിയാതെ പോകരുത്.












