ആളവസ്ഥകളുടെ വൈചിത്ര്യങ്ങളാണ് സജീവ് കീഴരിയൂരിന്റെ വരകളിൽ തെളിയുന്നത്. നേർത്തവരകളും അതിന്റെ മൃദുവൂം ദൃഢവുമായ ചേർപ്പുകളും പലമട്ട് രൂപങ്ങളോ നിഴലുകളോ ആയി മാറുന്നു. അതിൽ ഫ്ലക്സിബിളായ ആൾ രൂപം ഭാവസൂക്ഷ്മങ്ങളിലേക്ക് മുറുകി നിൽക്കുന്നു. വര ഒരു വഴുതൽ പ്രതലമാകുന്നു.

നാടകപ്രവർത്തകനായ സജീവിന് സ്കെച്ചുകളിട്ട് അരങ്ങുപാഠങ്ങളെ പതിച്ചു നിർത്താൻ പ്രത്യേക വൈഭവമുണ്ട്. അഥവാ പാത്രശേഷിയെ ഭാവസങ്കീർണതകളിലേക്ക് തെളിച്ചത്തോടെ വിപുലീകരിക്കാനുള്ള കലാശിക്ഷണമാണത്. അരങ്ങുദൃശ്യങ്ങളെ ഇങ്ങനെ തീവ്രമായി പകർത്തുകയും പടർത്തുകയും ചെയ്യുന്ന വൈഭവമാണ് ഇല്ലസ്ട്രേഷനിലും സജീവിന്റെ മികവാകുന്നത്. പെൻസിലോ ബ്രഷോ ഇങ്കോ ചാർക്കോളോ സഞ്ചരിക്കുന്ന നേർമ്മകളുടെ വിതാനം ഭാവസംഘർഷങ്ങളുടെ അകനിലമാകുന്നു. കണ്ടുപോകാൻ എളുപ്പമല്ലാത്തവിധം വരകളെ അയാൾ വേറൊരു വ്യവഹാരചക്രത്തിന്റെ ഭാഗമാക്കുകയാണ്.

നിശ്ചലരൂപങ്ങൾ നിസ്സഹായതയുടെ രൂപങ്ങളല്ല. ചലനത്തിനിടയിലെ സ്റ്റില്ലുകളാണ്. ആഞ്ഞുള്ള നിൽപ്പുകൾ. നാടകം നിശ്ചലപ്പെടുന്നതോ നിശ്ശബ്ദപ്പെടുന്നതോ പൂരിപ്പിക്കപ്പെടേണ്ടതോ ആയ നിമിഷങ്ങളുടെ ആവിഷ്കാരമാണത്. ഇങ്ങനെ നാടകത്തെ കേന്ദ്രീകരിച്ചുള്ള ചിത്രാഖ്യാനം വേറെ അധികമുണ്ടാവില്ല.

നാടകത്തിന്റെ വെളിച്ചം ഇരുട്ടിലിരുന്ന് കാണുന്നതുപോലെ നാടകത്തിലെ ഇരുട്ട് വെളിച്ചത്തിലിരുന്ന് കാണുന്നതിന്റെ കൗതുകമുണ്ട് സജീവിന്റെ തിയേറ്റർ സ്കെച്ചുകൾക്ക്. ഇത് വേറിട്ടൊരു അന്വേഷണമാണ്. നാടക നടനും സംവിധായകനുമായ സജീവ് അകംനിറയെ നാടകവുമായാണ് സഞ്ചരിക്കുന്നത്. വരയ്ക്കുമ്പോഴെല്ലാം മുഖ്യപ്രേരണയും പ്രമേയവും നാടകംതന്നെ. ഇത്ഫോക്കിൽ തിയേറ്റർ സ്കെച്ചസിന്റെ പ്രദർശനമുണ്ട്. വിജേഷിന്റെയും ഗോപാലന്റെയും ചിത്രങ്ങളും പ്രദർശനത്തിൽ കാണാം. ഇനി ഞാൻ അതു കാണട്ടെ.
ആസാദ്
30 ജനവരി 2026















