മാലിന്യങ്ങൾ അരിച്ചെടുത്തും, ദ്രാവകങ്ങളെ നിയന്ത്രിക്കുകയും, ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിച്ചും ശരീരത്തെ സന്തുലിതമായി നിലനിർത്തുന്നതിൽ നിർണായക പങ്കുണ്ട് വൃക്കകൾക്ക്. ആരോഗ്യകരമല്ലാത്ത വൃക്കകൾ ജീവിതത്തിന്റെ താളം തെറ്റിക്കും. ഇന്ന്, ആഗോളതലത്തിൽ കോടിക്കണക്കിന് ആളുകൾ വൃക്കരോഗത്താൽ വലയുന്നുണ്ട്. വൃക്കയുടെ ആരോഗ്യവുമായി നമ്മൾ അധികം ബന്ധപ്പെടുത്താത്ത ദൈനംദിന ശീലങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈ ശീലങ്ങളും പ്രാരംഭ മുന്നറിയിപ്പ് ലക്ഷണങ്ങളും പരിശോധിക്കാം.
നിർജ്ജലീകരണം
- ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് മൂത്രത്തിന്റെ സാന്ദ്രത വർധിപ്പിക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും വൃക്കകൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നു.
- ആവർത്തിച്ചുള്ള നിർജ്ജലീകരണം വൃക്കകൾക്ക് ക്രമേണ കേടുപാടുകൾ വരുത്തും. കാലാവസ്ഥയിലോ കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോഴോ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
- കടുത്ത നിറത്തിലുള്ളതോ അളവിൽ കുറഞ്ഞതോ ആയ മൂത്രം ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു.
ഉപ്പിന്റെ അമിത ഉപയോഗം
- അമിതമായ ഉപ്പ് രക്തസമ്മർദ്ദം ഉയർത്തുന്നു. ഇത് വൃക്കരോഗത്തിന്റെ ഒരു പ്രധാന കാരണങ്ങളിലൊന്നാണ്.
- ഉയർന്ന രക്തസമ്മർദ്ദം വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ ബാധിക്കും.
- സംസ്കരിച്ച ഭക്ഷണങ്ങൾ, പാക്കറ്റുകളിൽ വരുന്ന ലഘുഭക്ഷണങ്ങൾ, അച്ചാറുകൾ, ഫാസ്റ്റ് ഫുഡ് എന്നിവ പരിമിതപ്പെടുത്താം.
- അമിതമായ പഞ്ചസാരയുടെ ഉപയോഗം ഇൻസുലിൻ പ്രതിരോധം, യൂറിക് ആസിഡ് എന്നിവ വർധിപ്പിക്കുന്നു. ഇത് പരോക്ഷമായി വൃക്കകൾക്ക് ഹാനികരമാണ്.
ഭക്ഷണക്രമം
- ഫോസ്ഫറസ് അഡിറ്റീവുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ (സംസ്കരിച്ച മാംസം, കോളകൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ) വൃക്കകളെ ബാധിക്കും.
മാനസിക സമ്മർദ്ദം
- ഉറക്കക്കുറവും മാനസിക സമ്മർദ്ദവും ഉയർന്ന രക്തസമ്മർദ്ദം, മെറ്റബോളിക് സ്ട്രെസ്, വീക്കം എന്നിവ വർധിപ്പിക്കുന്നു.
- ക്രമം തെറ്റിയുള്ള ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കും. ഇത്, വൃക്കകളുടെ ആരോഗ്യത്തേയും ബാധിക്കും.
പുകവലിയും മദ്യപാനവും
- പുകവലി വൃക്കകളിലെ രക്തക്കുഴലുകളെ ചുരുക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് വർധിപ്പിക്കുകയും ചെയ്യുന്നു.
- അമിതമായ മദ്യപാനം ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകുന്നു.
- ഈ ഘടകങ്ങൾ പ്രമേഹത്തിനോ ഉയർന്ന രക്തസമ്മർദ്ദത്തിനോ ഉള്ള സാധ്യത വർധിപ്പിക്കുന്നു. പ്രകടമായ രോഗമില്ലെങ്കിലും, ഈ ഘടകങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.
വേദനസംഹാരികളുടെ (NSAIDs) അമിതോപയോഗം
- നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ ( ibuprofen, naproxen, aspirin) വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു.
- ചെറിയ വേദനകൾക്കോ തലവേദനയ്ക്കോവേണ്ടി ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കാതിരിക്കാം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)















