തിരുവനന്തപുരം: പാലക്കാട്ട് രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
അതേസമയം, പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. രോഗ ബാധിതനായ ശേഷം കെ.എസ്.ആർ.ടി.സി ബസിലായിരുന്നു കൂടുതലും യാത്ര ചെയ്തത്.
ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പായിൽ പോയതും കെ.എസ്.ആർ.ടി.സി ബസിലായിരുന്നു എന്നാണ് കണ്ടെത്തൽ. മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികൻ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.















