ഡൽഹി:പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരമായി. വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ 2025 ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസാക്കിയിരുന്നു. ഇതോടെയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരിന് പകരം പുതിയ പദ്ധതി നിലവിൽ വന്നത്.
2005ൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാക്കി മാറ്റിയത്. 2006 മുതൽ പദ്ധതി നടപ്പിലാക്കി തുടങ്ങുകയും ചെയ്തു. 2008ൽ എല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിക്കുകയായിരുന്നു. 2009ലാണ് പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ് ഈ പദ്ധതിക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി തൊഴിലുറപ്പ് എന്ന പേരിട്ടത്.
പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് മന്ത്രി ശിവരാജ് ചൗഹാൻ വ്യക്തമാക്കി. ഈ ബില്ലിനെതിരെ രാജ്യവാപകമായി പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.













