കീഴരിയൂർ :കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ വടക്കും മുറി പ്രദേശത്തുകാർക്കും തുറയൂർ പഞ്ചായത്തിലെ കൊറവട്ട പ്രദേശത്തുകാർക്കും ഭീകരമായ അപകടം വരുത്തുന്ന തരത്തിൽ ഖനനം മാറിയ സാഹചര്യത്തിൽ തങ്കമലയിലെ കരിങ്കൽ ഖനനവും മണ്ണെടുക്കലും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കീഴരിയൂർ പഞ്ചായത്ത് യു.ഡി എഫ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

നാളിതു വരെ കരിങ്കൽ മാത്രമാണ് കയറ്റിയിരുന്നതെങ്കിൽ ഇപ്പോൾ ദിനംപ്രതി നൂറുകണക്കിന് ലോഡ് മണ്ണും കയറ്റിയയക്കാൻ തുടങ്ങിയപ്പോൾ ആശങ്കയിലാണ്ട പ്രദേശവാസികളുടെ ആവശ്യം മാനിച്ച് നിജസ്ഥിതി മനസിലാക്കാൻ വേണ്ടി UDF കമ്മിറ്റി നിയോഗിച്ച പ്രതിനിധി സംഘമാണ് തങ്കമയിലെത്തിയത്. നേഷണൽഹൈവേ നിർമാണത്തിനാണ് കല്ലും മണ്ണും കൊണ്ടുപോകുന്നത് എന്ന് പറയുമ്പോഴും ഒരു മലയെ മുഴുവനായി തുരന്ന് അതുവഴി വടക്കും മുറി എന്ന പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും മാരകമായ അപകടം വരുത്തുന്ന തരത്തിൽ അനിയന്ത്രിതമായി കല്ലും മണ്ണും കടത്തികൊണ്ടുപോകുന്നത് ആപത്ത് ക്ഷണിച്ചു വരുത്തുമെന്ന് നേതാക്കൾ പറഞ്ഞു. വരി വരിയായി വന്നു നിൽക്കുന്ന വാഗാഡിന്റെ കൂറ്റൻ വാഹനങ്ങളിൽ ഒരു വശത്തു നിന്ന് കരിങ്കൽ കയറ്റുമ്പോൾ അതേ സമയത്തു തന്നെ അത്തരം വണ്ടികളിൽ മണ്ണും കയറ്റുന്ന അതി ഭീകരമായ കാഴ്ച ഒരു മലയെ പൂർണമായും നീക്കം ചെയ്യപ്പെടുന്നതിന് സമമാണ്. ചൂരൽ മലയിലുണ്ടായ ദാരുണമായ ദുരന്തം പ്രദേശത്തും സംഭവിക്കുമോ എന്ന ആശങ്ക പ്രദേശവാസികൾ യുഡിഎഫ് സന്ദർശക സംഘത്തോട് പങ്ക് വെക്കുകയുണ്ടായി. കരിങ്കൽ ഖനനം വഴിയുണ്ടാകുന്ന അഗാധ ഗർത്തങ്ങൾ നിലനിർത്തി അതിനരികിലെ മണ്ണ് മുഴുവനായും നീക്കം ചെയ്യപ്പെടുമ്പോൾ ഭൈമോ പരിതലത്തിലുണ്ടാകുന്ന മാറ്റമോർത്ത് താഴ് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകളേയും നേഷണൽഹൈവേ അതോറിയേയും ഈ വിവരം അറിയിച്ച് ഖനനം അവസാനിപ്പിക്കാൻ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് UDF നേതാക്കൾ ആവശ്യപ്പെട്ടു. മുറിച്ചാണ്ടി മുക്കിൽ ചേർന്ന വിശദീകരണയോഗങ്ങിൽ UDF മണ്ഡലം ചെയർമാൻ ടി യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അംഗം കെ എം സുരേഷ് ബാബു, പഞ്ചായത്ത് മെമ്പർ കെ.സി രാജൻ , ചുക്കോത്ത് ബാലൻനായർ , മലയിൽ ബാബു സംസാരിച്ചു. സന്ദർശക സംഘത്തിന് പഞ്ചായത്ത് മെമ്പർ ഇഎം മനോജ്, നേതാക്കളായ പി.കെ ഗോവിന്ദൻ , ഒ.കെ കുമാരൻ ,എ മൊയ്തീൻ നമ്പ്രത്തുകര, സലാം തയ്യിൽ , പ്രീജിത്ത് ജി.പി , പി.എം അശോകൻ ,നിധീഷ് കുന്നത്ത് , സത്യൻ മരുതേരി, എ.സി സജീവൻ , വിജീഷ് കെ.എന്നിവർ നേതൃത്വം നൽകി.











