മൈസൂര്‍: നഞ്ചന്‍കോടില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തീ അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു.
ബെംഗളുരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. ബസിനടിയിൽ തീപടർന്നാണ് അപകടം. ഈ സമയത്ത് 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചതിനാൽ വന്‍ അപകടം ഒഴിവായി. യാത്രക്കാരിൽ ചിലരുടെ ലാപ്ടോപ്പ്, സർട്ടിഫിക്കറ്റുകള്‍, പാസ്പോർട്ട് എന്നിവ കത്തിനശിച്ചതായാണ് വിവരം. ബസിലുണ്ടായിരുന്നവരെ രാവിലെ 7 മണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിക്കും.













