കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെ എസ് സി എസ് ടി ഇ) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് വാക്ക്-ഇന്‍ അഭിമുഖത്തിലൂടെ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള ഈ കേരള സര്‍ക്കാര്‍ ജോലിക്കായി നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി 10 – നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയത്.
അഭിമുഖം ജനുവരി 22-ന് നടക്കും. KSCSTE/934/2022-C4 വിജ്ഞാപന നമ്പര്‍ പ്രകാരമാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 16,000 രൂപ ശമ്പളമായി ലഭിക്കും. ഒഴിവുകളുടെ എണ്ണം നിലവില്‍ വ്യക്തമാക്കിയിട്ടില്ല, നിയമന സ്ഥലം കേരളത്തിലായിരിക്കും. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 2026 ജനുവരി 1 – ന് 36 വയസ്സില്‍ കൂടാന്‍ പാടില്ല.
എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രായ പരിധി ഇളവുകള്‍ അനുവദിക്കുന്നതാണ്. ഈ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ഇല്ല. ബിരുദവും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ ( വെബ്സൈറ്റ് ഡെവലപ്മെന്റ്, ഡിസൈനിംഗ്, ഇന്റര്‍നെറ്റ്, പബ്ലിക്കേഷന്‍ എന്നിവയുള്‍പ്പെടെ ) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അല്ലെങ്കില്‍, പ്ലസ് ടു പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ അനുഭവ സമ്പത്തും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ജി എസ് ഡി പി സര്‍ട്ടിഫൈഡ് യുവജനങ്ങള്‍ക്കും ഈ ഒഴിവുകളിലേക്ക് പരിഗണനയുണ്ട്. അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് രേഖാപരിശോധനയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. പരിശോധനയ്ക്കായി അസല്‍ രേഖകളും കരുതേണ്ടതാണ്. അഭിമുഖം ജനുവരി 22 – ന് രാവിലെ 11:00 മണിക്ക് തിരുവനന്തപുരത്ത് പട്ടത്തുള്ള കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ( ശസ്ത്രഭവന്, പട്ടം, തിരുവനന്തപുരം ) ഓഫീസില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അഭിമുഖത്തിന് മുന്‍പ് ഔദ്യോഗിക വിജ്ഞാപനം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്വയോണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ kscste.kerala.gov.in സന്ദര്‍ശിക്കാവുന്നതാണ്.














