ദുബായ്: യുഎഇയിലെ തങ്ങളുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളിലുടനീളം ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമായി. ഇനി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ്‌സ്‌കാന്‍ ചെയ്ത് പണം നല്‍കാം.
പ്രവാസി ഇന്ത്യക്കാര്‍ക്കും യുഎഇയിലെ സന്ദര്‍ശര്‍ക്കും തടസമില്ലാതെ യുപിഐ ഇടപാടുകള്‍ സാധ്യമാവും. യുഎഇ ദിര്‍ഹത്തിന് പകരം ഇന്ത്യന്‍ രൂപയില്‍ തന്നെയായിരിക്കും യുപിഐ പേയ്‌മെന്റ് സംവിധാനത്തില്‍ ഇടപാടുകള്‍ നടക്കുക. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലുള്ള പണം രൂപയുടെ മൂല്യം നഷ്ടമാവാതെ യഥാര്‍ത്ഥ വിനിമയ നിരക്കില്‍ തന്നെ ഇടപാടുകള്‍ നടത്താം.
ഇതിനായി യുഎഇയുടെ നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡുമായി (എന്‍ഐപിഎല്‍) പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുടനീളമുള്ള ഡിജിറ്റല്‍ വാണിജ്യത്തിന്റെ മുന്‍നിര പ്രാപ്തകരാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമാണ് എന്‍ഐപിഎല്‍.
യുഎഇയിലെ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ വ്യാപാര ഇടപാടുകള്‍ക്ക് ഈ സഹകരണം സഹായിക്കും. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള 60,000-ത്തിലധികം വ്യാപാരികളില്‍ രണ്ട് ലക്ഷത്തോളം പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ ഉണ്ട്.
റീട്ടെയില്‍ സ്റ്റോറുകള്‍, ഡൈനിംഗ് ഔട്ട്ലെറ്റുകള്‍, ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് യുപിഐ സ്വീകാര്യത ക്രമാനുഗതമായി വിപുലീകരിക്കാനാണ് തീരുമാനം. 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമാണ് യുപിഐ.
2024 മെയ് മാസത്തില്‍ മാത്രം ഇത് 14.04 ബില്യണ്‍ ഇടപാടുകള്‍ നടത്തി. യുപിഐ സംവിധാനമില്ലാതെ, യുഎഇയിലെ ഇന്ത്യന്‍ സന്ദര്‍ശകര്‍ പണമോ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും പണം നല്‍കുന്നത്. എന്നാല്‍ ഈ സേവനം അവതരിപ്പിക്കുന്നത് യുഎഇയില്‍ പണരഹിത ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്ന് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് സിഇഒ നന്ദന്‍ മെര്‍ പറഞ്ഞു.
യുഎഇ സന്ദര്‍ശിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ ഇന്ത്യക്കാര്‍ക്കുള്ള പേയ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മെര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട രീതി ഉപയോഗിച്ച് പണമടയ്ക്കാന്‍ പ്രാപ്തമാക്കുന്നതിലൂടെ, ഏറ്റവും പുതിയ പേയ്മെന്റ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ബിസിനസുകളെയും വ്യാപാരികളെയും ശാക്തീകരിക്കാം.
കൂടാതെ ഡിജിറ്റല്‍ യുഎഇയുടെ വീക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ഞങ്ങള്‍ ഒരു പടി കൂടി അടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ാേജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം 2024-ല്‍ 9.8 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപ്രകാരം ഇന്ത്യയില്‍ നിന്ന് 5.29 ദശലക്ഷം വരവാണ് യുഎഇ പ്രതീക്ഷിക്കുന്നത്.