ആഡംബര ട്രെയിൻ പദ്ധതിയായ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ അവതരിപ്പിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പഞ്ചനക്ഷത്ര ആഡംബര ട്രെയിൻ സർവ്വീസായിരിക്കുമിത്. സഞ്ചരിക്കുന്ന ഒരു കൊട്ടാരം പോലെയാണ് ട്രെയിനിന്റെ രൂപകൽപ്പന. ഇറ്റലിയിലെ ആർസെനലെ ഗ്രൂപ്പ് സൗദി അറേബ്യ റെയിൽവേസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിഷൻ 2030-ന്റെ ഭാഗമായി സൗദി അറേബ്യയുടെ ആഡംബര ടൂറിസം മേഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ലോകമെമ്പാടുമുള്ള നിരവധി ആഡംബര ട്രെയിൻ പദ്ധതികൾക്ക് പിന്നിൽ പ്രവർത്തിച്ചവരാണ് ആർസെനലെ ഗ്രൂപ്പ്.
സൗദി പാരമ്പര്യവും ആഡംബര ഹോസ്പിറ്റാലിറ്റിയും സംയോജിപ്പിച്ച് ലോകോത്തര റെയിൽ ടൂറിസം അനുഭവം ആദ്യമായി മേഖലയിലേക്ക് എത്തിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റിയാദിൽ നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ, സൗദി അറേബ്യൻ റെയിൽവേസ് (SAR) ഉദ്യോഗസ്ഥരും ആർസെനലെ ഗ്രൂപ്പിന്റെ നേതൃത്വവും പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി.
രാജ്യത്തെ അന്തർദേശീയ ടൂറിസ്റ്റുകൾക്കും പ്രാദേശിക യാത്രക്കാർക്കും ഒരുപോലെ മികച്ച യാത്രാനുഭവമായിരിക്കും പുതിയ ട്രെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അധിക ലക്ഷ് യാത്രയെ ഒരു വേഗത്തിലുള്ള സഞ്ചാരമായി മാത്രം കാണാതെ രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും അടുത്തറിയാനുള്ള അവസരമാക്കി മാറ്റാനാണ് പദ്ധതി.
സൗദി അറേബ്യയയിൽ കൂടി വെറുമൊരു യാത്രയല്ല മറിച്ച് സൗദിയെ മൊത്തത്തിൽ അറിയാൻ പാകത്തിലൊരു യാത്ര, അതായിരിക്കും ഡ്രീം ഓഫ് ദി ഡെസേർട്ട് സർവ്വീസ് വാഗ്ദാനം ചെയ്യുന്നത്. റിയാദിൽ നിന്ന് ആരംഭിച്ച് ഏകദേശം 1,300 കിലോമീറ്റർ ദൂരം സൗദി അറേബ്യയുടെ ചരിത്രപരമായ വടക്കൻ റെയിൽവേ ശൃംഖലയിലൂടെയായിരിക്കും ട്രെയിൻ യാത്ര. അൽ ഖാസിം, ഹൈൽ തുടങ്ങിയ സാംസ്കാരിക പ്രാധാന്യമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്ര ജോർദാൻ അതിർത്തിക്കടുത്തുള്ള അൽ-ഖുറയ്യത്തിൽ അവസാനിക്കും.
ഒന്നോ രണ്ടോ രാത്രികൾ നീണ്ടുനിൽക്കുന്ന യാത്രയിൽ, സൗദി സംസ്കാരത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അനുഭവങ്ങൾ ട്രെയിൻ യാത്ര വാഗ്ദാനം ചെയ്യുന്നു. പുരാതന വ്യാപാര പാതകളിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് പ്രത്യേക സാംസ്കാരിക പരിപാടികളും പ്രാദേശിക ഉല്ലാസയാത്രകളും ട്രെയിൻ യാത്രയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ യാത്രയുടെ ടിക്കറ്റ് നിരക്കുകൾ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വെനീസ് സിംപ്ലോൺ-ഓറിയന്റ്-എക്സ്പ്രസ് പോലുള്ള മറ്റ് ആഡംബര ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഒരാൾക്ക് 3,000 ഡോളർ മുതൽ 5,000 ഡോളറിലധികം വരെ ചിലവ് പ്രതീക്ഷിക്കാം. പ്രസിഡൻഷ്യൽ സ്യൂട്ടുകൾക്ക് ഇതിലും ഉയർന്ന നിരക്ക് വന്നേക്കാം.
66 പേർക്ക് മാത്രം
ഈ അൾട്രാ-ആഡംബര ട്രെയിനിൽ ഒരു സമയം 66 അതിഥികളെ മാത്രമാണ് ഉൾക്കൊള്ളാൻ കഴിയുക. 31 സ്വകാര്യ സ്യൂട്ടുകളും രണ്ട് പ്രസിഡൻഷ്യൽ സ്യൂട്ടുകളും ട്രെയിനിലുണ്ട്. അറബ് ആതിഥേയത്വവും ആധുനിക ഡിസൈനും കൂടിച്ചേർന്ന മനോഹരമായ ഇന്റീരിയറാണ് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത.
മരുഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിറങ്ങളും മനോഹരമായ കൊത്തുപണികളുള്ള തടിപ്പണികളും മുറാനോ ഗ്ലാസ് വിളക്കുകളിൽ നിന്നുള്ള സുവർണ്ണ പ്രകാശവും സ്യൂട്ടുകൾക്ക് പ്രത്യേക ഭംഗി നൽകും. യാത്രക്കാർക്കായി രണ്ട് റെസ്റ്റോറന്റ് കാറുകളും ട്രെയിനിലുണ്ട്.
മിഷേലിൻ നിലവാരത്തിലുള്ള പാചകരീതികളായിരിക്കും ട്രെയിനിൽ ഒരുക്കുന്നത്. പ്രാദേശിക സൗദി വിഭവങ്ങൾക്കൊപ്പം ഇറ്റാലിയൻ ശൈലിയിലുള്ള അന്താരാഷ്ട്ര വിഭവങ്ങളും ലഭ്യമായിരിക്കും. യാത്രക്കാർക്ക് പരസ്പരം സംസാരിച്ചിരിക്കാനും സൗഹൃദം പങ്കിടാനുമായി മജ്‌ലിസ് ലോഞ്ച് സൗകര്യവും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.. 2026 അവസാനത്തോടെ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ അതിന്റെ ആദ്യ യാത്രകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അനുഭവമായിരിക്കും ഈ യാത്ര എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.















