കെടിഎം 390 അഡ്വഞ്ചര്‍ എക്‌സ് മുഖം മിനുക്കിയെത്തുന്നു. കൂടുതല്‍ ഫീച്ചറുകളുമായെത്തുന്ന 390 അഡ്വഞ്ചര്‍ എക്‌സിന്റെ വില കെടിഎം ജൂലൈ 10ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുഖംമിനുക്കിയെത്തുന്ന കെടിഎം 390 അഡ്വഞ്ചര്‍ എക്‌സിന് നിലവിലെ മോഡലിനെ അപേക്ഷിച്ച് 12,000രൂപ അധികമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ കണക്കുകൂട്ടിയാല്‍ എക്‌സ് ഷോറൂം വില 3,03,126 രൂപയായിരിക്കും. 390 അഡ്വഞ്ചറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലിനെക്കാള്‍ ഫുള്‍ ഇലക്ട്രോണിക്‌സ് സ്യൂട്ട് പുതിയ 390 അഡ്വഞ്ചര്‍ എക്‌സിലുണ്ടാവും.

പുതിയ അഡ്വഞ്ചര്‍ എക്‌സില്‍ ഐഎംയു എത്തുന്നതോടെ വളവുകളില്‍ എബിഎസ് സുരക്ഷയും ട്രാക്ഷന്‍ കണ്‍ട്രോളും ലഭിക്കും. ഇത് കെടിഎം അഡ്വഞ്ചറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഉള്ള ഫീച്ചറുകളാണ്. ക്രൂസ് കണ്‍ട്രോള്‍ സൗകര്യവുമായെത്തുന്ന എഡ്വഞ്ചര്‍ എക്‌സില്‍ സ്ട്രീറ്റ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ റൈഡ് മോഡുകളുമുണ്ട്. ഇതെല്ലാമാണ് അഡ്വഞ്ചര്‍ എക്‌സിലെ പുതു ഫീച്ചറുകള്‍. 390 അഡ്വഞ്ചറിന്റെ ഡിസൈനിന് സമാനമാണ് 390 അഡ്വഞ്ചര്‍ എക്‌സിന്റേത്. ഇരു മോഡലുകളിലും 398.63സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണുള്ളത്. 45ബിഎച്ച്പി കരുത്തും 39എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും തുടരും.















