നിര്‍മിത ബുദ്ധി (എ.ഐ) ലോകം കൈയടക്കിയപ്പോൾ ആ ഒഴുക്കിനൊത്ത് നീന്താൻ കഴിയാതെ പോയോ ‘ആപ്പിളി’ന്? എ.ഐ അപ്ഡേഷനിൽ ആപ്പിൾ അൽപം പിറകിലാണെന്ന് ആരും സമ്മതിക്കും. ടെക് അനുബന്ധ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കാര്യമായ ചർച്ച ഇതാണ്: ആപ്പിളിനെന്തു പറ്റി? ചർച്ചയിൽ പല തരം ഉത്തരങ്ങൾ കടന്നുവരുന്നുണ്ടെങ്കിലും, എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: അത് ആപ്പിൾ മേധാവി ടിം കുക്കിനെക്കുറിച്ചുള്ളതാണ്. അടുത്തിടെ വരെ മികച്ച ഭരണം കാഴ്ചവെച്ച അദ്ദേഹത്തിന് എ.ഐയുടെ വേഗത്തെ വേണ്ടത്ര മനസ്സിലാക്കാനായില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.
ടെക് വിശകലന കമ്പനിയായ ലൈറ്റ്ഷെഡ് പാര്‍ട്ണേഴ്സിലെ അനലിസ്റ്റുകളായ വാള്‍ട്ടര്‍ പിസിക്, ജോ ഗ്യലോണ്‍ എന്നിവർ ആപ്പിൾ കുക്കിനെ മാറ്റി പകരക്കാരനെ കണ്ടെത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നു. മുന്‍ മേധാവി സ്റ്റീവ് ജോബ്സിന്റെ പദിവിയിലേക്ക് എത്താന്‍ ഏറ്റവും അനുയോജ്യനായ ആള്‍തന്നെയായിരുന്നു കുക്ക് എന്ന് അവര്‍ വിലയിരുത്തുന്നു.
പക്ഷേ, എ.ഐയുടെ സാധ്യതകൾ അദ്ദേത്തിന് വേണ്ടത്ര ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ഈ നിലയിൽ പോയാൽ സ്ഥാപനം കാലഹരണപ്പെട്ടുപോകുമെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ ‘സിറി’യുടെ പരാജയംകൂടിയാണ് ഈ ചർച്ചക്ക് തുടക്കമിട്ടത്. ഒരു വര്‍ഷം പരിശ്രമിച്ചിട്ടും ‘സിറി’യെ പൂർണതോതിൽ പുറത്തിറക്കാൻ ആപ്പിളിനായിട്ടില്ല.















