ധീരാ…വീരാ…വി എസ്സെ… ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സമര ഭരിത ജീവിതത്തിന് കേരളം വിടനല്‍കി. അവിസ്മരണീയ യാത്രയയപ്പ്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപ യാത്ര ജനസാഗരത്തിനു നടുവിലൂടെ 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. കേരള ജനതക്ക് വേണ്ടി രക്ത മഴ നനഞ്ഞ വി.എസിനെ മഴ നനഞ്ഞ് പെരുമഴയെ തോല്‍പ്പിച്ചും തങ്ങളുടെ സഖാവിനെ കാണാൻ കാത്തിരുന്നു. ” കണ്ണേ കരളേ’ വി. എസ്സേ ”മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്. വിലാപയാത്രയിലെ പലയിടങ്ങളിലും വികാര നിർഭരമായ രംഗങ്ങങ്ങൾ ആയിരുന്നു. കൊച്ചുകുട്ടികൾ മുതൽ വൃദ്ധൻമാർ വരെ ധീര നായകനെ കാണാൻ വഴിയരികിൽ കാത്തിരുന്നു. തോരാത്ത സങ്കട മഴയിൽ കേരള ജനത മുദ്രാവാക്യം വിളിച്ചു അഭിവാദ്യമർപ്പിച്ചു കാത്തിരുന്നു. അഴിമതി ക്കറ പുരളാത്ത അദ്ദേഹത്തിൻ്റെ ജീവിത കാലഘട്ടത്തിൽ പിറന്നതും അദ്ദേഹത്തോടൊപ്പം നിലപാടിൻ്റെ കൂടെ നിന്നതും ആവേശമായി ഒരോരുത്തരും കണ്ടു. തെരുവുകൾ തിങ്ങി നിറഞ്ഞ് വിലാപ യാത്ര വാഹനം നീങ്ങാൻ കഴിയാത്ത വിധം ജനപ്രവാഹം വീഥികളിലേക്കൊഴികി സമര സൂര്യന് വിട നൽകി