സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വിവിധ അപകടങ്ങളില്‍ 4 പേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി. ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്‌കയും മരിച്ചു. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്. നിരവധി പ്രദേശങ്ങളില്‍ വീടിന് മുകളിലേക്ക് മരമൊടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പുറമേ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടി തുറന്നതോടെ ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വയനാട് 9 പഞ്ചായത്തുകളില്‍ റിസോര്‍ട്ടുകള്‍ ഹോംസ്റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് നിരോധനം. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശത്ത് നോ ഗോ സോണ്‍ മേഖലയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. പാലക്കാട് നെല്ലിയാമ്പതിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര പൂര്‍ണമായി നിരോധിച്ചു. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളിയില്‍ കടലാക്രമണം. ഒരു വീട് തകര്‍ന്നു. 30 ഓളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡില്‍ വെള്ളം കയറി. റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി.