മേപ്പയൂർ: പാൽ ചുരത്തുന്ന മുട്ടനാട് നാട്ടുകാർക്ക് കൗതുകക്കാഴ്ചയാവുന്നു. മേപ്പയ്യൂർ ജനകീയ മുക്കിലെ വാഴക്കാങ്കിയിൽ സലാമിന്റെ വീട്ടിലെ ആടിലാണ് ഈ അത്ഭുത പ്രതിഭാസം കണ്ടത്.കേട്ടുകേൾവി പോലുമില്ലാത്ത സംഭവമറിഞ്ഞ് ആടിനെക്കാണാനായി നാട്ടുകാർ സലാമിന്റെ വീട്ടിലെത്തുകയാണ്. രണ്ട് മാസം മുമ്പാണ് ഈ ആടിനെ വാങ്ങിയത്. 2 ദിവസം മുമ്പാണ് ആടിന് സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള മുലകൾ ശ്രദ്ധയിൽ പെട്ടത്. കറന്നു നോക്കിയപ്പോൾ അരഗ്ലാസോളം പാലു കിട്ടിയതായും സലാം പറഞ്ഞു.
ആടുമാടുകളെ വാങ്ങി വിൽക്കുന്ന തൊഴിൽ ചെയ്ത് ജീവിക്കുന്നയാളാണ് വാഴക്കാ ങ്കിയിൽ സലാം. രണ്ടു പതിറ്റാണ്ട് കാലമായി ഈ മേഖലയിൽ നിൽക്കുന്ന തനിക്ക് ഇത് ആദ്യാനുഭവമാണെന്ന് സലാം പറഞ്ഞു.
മുട്ടനാടുകളിൽ അപൂർവ്വമായി ഇത്തരം സംഭവം ഉണ്ടാവാറുണ്ടെന്ന് മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദ്ധരായ
ഡോ: സുരേഷ് ഓറനാടി, ഡോ. വിജിത. സി.കൃഷ്ണൻ
എന്നിവർ പറഞ്ഞു.
പ്രസവിക്കാത്ത പെൺ ആ ടുകളിൽ ഇത് സർവ്വസാധാരണമാണ്. പക്ഷേ മുട്ടനാടുകളിൽ ഇത് വളരെ അപൂർവ്വമാണ്.തന്റെ അനുഭവത്തിൽ ഇതടക്കം രണ്ടാമത്തേതാണ് എന്ന് ഡോ.സുരേഷ് ഓറണാടി പറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിൽ ലഭ്യമാകുന്ന ഫൈറ്റോ ഹോർമോണുകൾ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
പ്രസവിക്കാത്ത ആടുകളിലും പുരുഷ ഹോർമോണുകൾ കുറവായ മുട്ടനാടുകളിലും ഇതു കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.1996 ൽ ആണ് കിഴക്കൻ പേരാമ്പ്രയിൽ ഇതിനു സമാനമായ ഒരനുഭവം മുമ്പുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.












