കണ്ണൂര്‍: ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാൻ അയല്‍വാസിയായ യുവാവ് കൊടുത്ത അച്ചാര്‍ പാത്രത്തില്‍ മയക്കുമരുന്ന് കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂര്‍ സ്വദേശി മിഥിലാജിന് കൊണ്ടുപോകാനായി എത്തിച്ച അച്ചാറിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. സംഭവത്തില്‍ അച്ചാര്‍ മിഥിലാജിന്റെ വീട്ടിലെത്തിച്ച അയല്‍വാസിയായ ജിസിന്‍ അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന മിഥിലാജിന്റെ വീട്ടിലേക്ക് ജിസിന്‍ ബുധനാഴ്ച രാത്രിയിലാണ് അച്ചാർ എത്തിച്ചത്. മിഥിലാജിന്റെ കൂടെ ജോലി ചെയ്യുന്ന വഹീ൯ എന്നയാള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് അച്ചാര്‍ എത്തിച്ചിരുന്നത്. ജിസി തന്റെ പാര്‍സല്‍ കൊണ്ടുവരുമെന്ന് വഹിന്‍ മിഥിലാജിന് മെസേജ് അയക്കുകയും ചെയ്തിരുന്നു. മിഥിലാജിന്റെ ഭാര്യാപിതാവ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ഇതില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ ചെറിയ കവറുകളിലായി എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാറില്‍ ഒളിപ്പിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. 0.260 ഗ്രാം എംഡിഎംഎയും 3.40 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്.മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ശ്രീലാല്‍ എന്നയാളാണ് ജിസിന് മയക്കുമരുന്ന് കൈമാറിയതെന്നാണ് വിവരം. ചക്കരക്കല്‍ പോലീസ് ഇവരടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിഥിലാജിനെ മനപ്പൂര്‍വ്വം കുടുക്കാനുള്ള ശ്രമമാണോ നടത്തിയത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭാര്യാപിതാവ് കാണിച്ച ജാഗ്രതായാണ് മിഥിലാജിനെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് മിഥിലാജ് ഗള്‍ഫിലേക്ക് പോകാനിരുന്നത്. അച്ചാര്‍ കുപ്പിയുടെ സീല്‍ പൊട്ടിയതാണ് ഭാര്യപിതാവ് അമീറിന് സംശയമുണ്ടാക്കിയത്. അച്ചാര്‍ കുപ്പിയില്‍ ചെറിയ കുപ്പിയിലും കവറുകളിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാൻ അയല്‍വാസിയായ യുവാവ് കൊടുത്ത അച്ചാര്‍ പാത്രത്തില്‍ മയക്കുമരുന്ന് കണ്ടെത്തി. ഭാര്യാ പിതാവിൻ്റെ ജാഗ്രത രക്ഷയായി
By aneesh Sree
On: July 31, 2025 7:09 PM
പരസ്യം













