പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വാരണാസിയിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യം പരമാവധി കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തുടനീളമുള്ള 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), കാർഷിക സർവകലാശാലകൾ എന്നിവയുടെ ഡയറക്ടർമാർ, വൈസ് ചാൻസലർമാർ, മേധാവികൾ എന്നിവർ ഇന്നത്തെ യോഗത്തിൽ വെർച്വലായി പങ്കെടുത്തു. പദ്ധതി പ്രകാരം എല്ലാ വർഷവും മൂന്ന് തുല്യ ഗഡുക്കളായി, കർഷകർക്ക് 6,000 രൂപ നൽകിവരുന്നതായി കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു.