300 ലിറ്ററിലധികം മുലപ്പാലാണ് സെല്‍വ ബൃന്ദ എന്ന വീട്ടമ്മ മില്‍ക്ക് ബാങ്കിന് നല്‍കിയത്.
ചെന്നൈ: നവജാത ശിശുക്കള്‍ക്ക് ഏറ്റവും ഉത്തമമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. മുലപ്പാല്‍ കുറഞ്ഞാല്‍ അമ്മമാര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുകയും ചെയ്യും. ഇങ്ങനെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് തമിഴ്‌നാട് സ്വദേശിയായ 33 കാരി. 300 ലിറ്ററിലധികം മുലപ്പാലാണ് സെല്‍വ ബൃന്ദ എന്ന വീട്ടമ്മ മില്‍ക്ക് ബാങ്കിന് നല്‍കിയത്.
ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് സെല്‍വയുടെ തീരുമാനത്തെത്തുടര്‍ന്ന് രക്ഷിക്കാനായത്. തിരുച്ചിറപ്പള്ളി ജില്ലയിലെ കാട്ടൂര്‍ സ്വദേശിനിയായ സെല്‍വ ബൃന്ദയ്ക്ക് രണ്ട് കുട്ടികളാണുള്ളത്.
2023 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 22 മാസത്തിനിടെ 17 ലിറ്റര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ മില്‍ക്ക് ബാങ്കിലേയ്ക്ക് നല്‍കി. 2023-24 കാലയളവില്‍ മില്‍ക്ക് ബാങ്ക് ശേഖരിച്ച മൊത്തം മുലപ്പാലിന്റെ പകുതിയോളം സെല്‍വയുടെ സംഭാവനയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സെല്‍വ ഇടം നേടി.
ലോക മുലയൂട്ടല്‍ വാരത്തിന്റെ സമാപന ദിനമായ ഓഗസ്റ്റ് 7ന് മില്‍ക്ക് ബാങ്കിലെ ഉദ്യോഗസ്ഥര്‍ സെല്‍വ ബൃന്ദയെ ആദരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












