അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ തനിക്കെതിരെ ഉയര്‍ന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെയാണെന്ന് നടി ശ്വേത മേനോന്‍ വ്യക്തമാക്കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയല്‍ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസെടുത്തത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ശ്വേതയുടെ ചില സിനിമകള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചാണെന്നും അത് ശ്വേത മേനോന്റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ലെന്നും മറിച്ച് സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തതെന്നും അതില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണെന്നാണ് ദേവന്റെ പ്രതികരണം
നടി ശ്വേതാ മേനോന് എതിരായ കേസില്‍ പ്രതികരണവുമായി നടന്‍ രവീന്ദ്രനും രംഗത്ത് വന്നു. സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമാണെന്നും വിഷയത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു.












