തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില ഗണ്യമായി കുറയും. നൂറോളം ഉല്‍പന്നങ്ങള്‍ക്കാണ് വില കുറയുന്നത്. ജി.എസ്.ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണഭോക്താക്കലില്‍ എത്തിക്കാനുള്ള മില്‍മയുടെ തീരുമാനത്തിന്റെ ഭാഗമാണ് നീക്കമെന്ന് ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 ലഭ്യമാവും.
500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും. പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും. നേരത്തെ ഉണ്ടായിരുന്ന ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാലാണ് 24 രൂപയുടെ കിഴിവ് ലഭ്യമാകുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാജ്യത്ത് ജി.എസ്.ടി പരിഷ്‌കരണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ 28, 18, 12, 5 ശതമാനങ്ങളിലായി നാല് സ്ലാബുകളിലുണ്ടായിരുന്ന ജി.എസ്.ടി 18, അഞ്ച് എന്നിങ്ങനെ രണ്ടായി ചുരുങ്ങിയിരിക്കുകയാണ്. 28 ശതമാനം സ്ലാബിലുണ്ടായിരുന്ന ഉല്‍പന്നങ്ങള്‍ 18 ശതമാനത്തിലേക്കും 12 ശതമാനത്തിലുണ്ടായിരുന്നത് അഞ്ചു ശതമാനത്തിലേക്കും കുറയുന്നതോടെ നിരവധി വസ്തുക്കളുടെ വില കുറയും. അതോടൊപ്പം, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വരുമാനനഷ്ടം ഉണ്ടാകുന്നതോടെ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. നികുതി ഇളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതെ കമ്പനികള്‍ നേടിയെടുക്കുമെന്ന ആധിയും വര്‍ധിച്ചു.
വരുമാനം കുറയുന്നതിനാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. വരുമാനനഷ്ടം ക്ഷേമ പദ്ധതികളെയും ദൈനംദിന ചെലവുകളെയും ബാധിക്കുമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നഷ്ടം നികത്താന്‍ നടപടി വേണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. വില കുറയുമ്പോള്‍ ഉപഭോഗം കൂടുമെന്നും വരുമാനം ഉയരുമെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിലപാട്. പുതിയ ഘടനയോടെ ദൈനംദിന അവശ്യവസ്തുക്കളും വന്‍തോതിലുള്ള ഉപഭോഗ വസ്തുക്കളും 5 ശതമാനം സ്ലാബിലേക്ക് മാറി. പ്രധാന വ്യാവസായിക വസ്തുക്കള്‍ 18 ശതമാനമായി.
പാല്‍, പാല്‍ക്കട്ടി, ചപ്പാത്തി തുടങ്ങിയ ഉല്‍പന്നങ്ങള്‍ കുറഞ്ഞ നികുതിയിലേക്ക് മാറിയപ്പോള്‍ 33ലധികം ജീവന്‍രക്ഷാ മരുന്നുകളുടെ നികുതി പൂര്‍ണമായും ഒഴിവാക്കി. ഓട്ടോമൊബൈലുകള്‍, സിമന്റ്, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് കുത്തനെ നികുതി ഇളവുകള്‍ ലഭിച്ചു. പല്‍പ്പൊടി, നെയ്ത്തുയന്ത്രം, ട്രാക്ടര്‍ തുടങ്ങിയവ 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നു. ഹെയര്‍ഓയില്‍, ഷാംപൂ, സോപ്പുകള്‍ എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി. 1200 സി.സി വരെയുള്ള ചെറുകാറുകള്‍ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി. ട്രാക്ടര്‍ ടയര്‍ പാര്‍ട്‌സുകളും 18ല്‍നിന്ന് അഞ്ചിലേക്ക് താഴ്ന്നിട്ടുമുണ്ട്.












