---പരസ്യം---

ഇത് ചരിത്രം; ഖത്തർ ലോകകപ്പ് യോഗ്യർ; ആവേശപ്പോരിൽ യു.എ.ഇയെ വീഴ്ത്തി (2-1)

On: October 15, 2025 1:19 AM
Follow Us:
പരസ്യം

ദോഹ: 2022ൽ ആതി​ഥേയരായി ലോകകപ്പിൽ പന്തു തട്ടിയ ഖത്തർ, കളിച്ചു ജയിച്ചു നേടിയ ടിക്കറ്റുമായി 2026 ലോകകപ്പിനായി അമേരിക്കയിലേക്ക് വിമാനം കയറുന്നു. ഏഷ്യയിൽ നിന്നും അവശേഷിച്ച ലോകകപ്പ് ടിക്കറ്റിനായി ജി.സി.സിയിലെ രണ്ട് കരുത്തർ മാറ്റുരച്ച വീറുറ്റ അങ്കത്തിൽ യു.എ.ഇയെ 2-1ത്തിന് തരിപ്പണമാക്കിയാണ് അന്നാബികൾ തുടർച്ചയായി രണ്ടാം തവണയും ലോകകപ്പിന് യോഗ്യരായത്.

​എ.എഫ്.സി നാലാം റൗണ്ടിലെ ഗ്രൂപ്പ് ‘എ’യിലെ കലാശപ്പോരാട്ടത്തിന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം വേദിയായപ്പോൾ, കളത്തിലെന്ന പോലെ ഗാലറിയിലും അടിമുടി ആവേശമായിരുന്നു. തൂവെള്ളകടലായി മാറിയ ഗാലറിയുടെ ഇരമ്പലിനൊപ്പം മൈതാനത്തും കളിക്ക് വീറും വാശിയും കൂടി.

സമനിലയുണ്ടെങ്കിൽ ലോകകപ്പിന് അനായാ യോഗ്യത​ എന്ന നിലയിലായിരുന്നു യു.എ.ഇ കളിച്ചത്. എന്നാൽ, ആദ്യ കളിയിൽ ഒമാനെതിരെ ഗോൾ രഹിത സമനില പാലിച്ച ഖത്തറിന് വിജയം അനിവാര്യമായിരുന്നു.

അതു​കൊണ്ടു തന്നെ അന്നാബികൾക്കിത് മരണക്കളിയായി മാറി. ജയിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന തീരുമാനവുമായി ലോപറ്റ്ഗുയിക്കു കീഴിൽ ഇറങ്ങിയ അന്നാബിയെ അൽ മുഈസ് അലിയും ബൗദിയവും അക്രം അഫീഫും ചേർന്ന് നയിച്ചു. ഗോൾ രഹിതമായിരുന്നു ഒന്നാം പകുതി.

രണ്ടാം പകുതി തുടങ്ങി ഏതാനും മിനിറ്റുകൾക്കകം ഖത്തർ ആദ്യഗോൾ നേടി. 49ാം മിനിറ്റിൽ അക്രം അഫീഫ് എടുത്ത ഫ്രീകിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചു. 73ാം മിനുറ്റിൽ പെഡ്രോ മിഗ്വൽ ഖത്തറിനുവേണ്ടി രണ്ടാം ഗോളും നേടി. ആ ഗോളിന് പിന്നിലും അക്രം അഫീഫിന്റെ പാദങ്ങൾ ചലിച്ചു.

ഖത്തർ രണ്ട് ഗോളിന് ലീഡ് പിടിച്ചതോടെ കളത്തി​ൽ വാശിയേറി. എന്ത് വിലകൊടുത്തും തിരിച്ചടിക്കാനുള്ള യു.എ.ഇയുടെ ശ്രമം താരങ്ങൾ തമ്മിലെ കൈയാങ്കളിയിലു​മെത്തി. ഒടുവിൽ 88ാം മിനിറ്റിൽ യു.എ.ഇ താരത്തെ ഫൗൾ ചെയ്തതിന് താരിഖ് സൽമാൻ ചുവപ്പുകാർഡുമായി പുറത്തായി. ഈ അവസരം മുതലെടുത്തായിരുന്നു ഇഞ്ചുറി ടൈമിലെ എട്ടാം മിനിറ്റിൽ സുൽതാൻ ആദിൽ ഉഗ്രനൊരു ഹാഫ് വോളിയിലെ ഗോളാക്കി യു.എ.ഇക്ക് പുത്തൻ ഊർജം സമ്മാനിച്ചത്. വീണ്ടും ആക്രമിച്ചു കളിച്ചെങ്കിലും ​ഖത്തറിന്റെ പ്രതിരോധ മികവും, ഗോളി മഹ്മൂദ് അബുനാദിന്റെ ജാഗ്രതയും കഴിഞ്ഞ ലോകകപ്പിലെ ആതിഥേയർത്ത് 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കി.

2022ൽ ആതിഥേയരെന്ന നിലയിൽ ആദ്യമായി ലോകകപ്പിൽ കളിച്ച ഖത്തറിന് 2026 അമേരിക്ക, കാനഡ, മെക്സികോ ലോകകപ്പ് രണ്ടാം വിശ്വമേളയായി മാറും. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാർ കൂടിയാണ് ഖത്തർ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!