തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പുതുതായി ചേർന്ന ജീവനക്കാർക്ക് ആശ്വാസ ഉത്തരവുമായി സർക്കാർ. 2025 മെയ് 19നു ശേഷം സർവിസിൽ പ്രവേശിക്കുകയോ ഈ തീയതിക്കുശേഷം മാത്രം മെഡിസെപ് പ്രൊഫൈൽ വെരിഫൈ ചെയ്യുകയോ ചെയ്ത ജീവനക്കാരെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രമേ ഉൾപ്പെടുത്തുവെന്ന് ധനവകുപ്പ് വ്യക്തമാക്കി.
ഒന്നാം ഘട്ടത്തിലെ പ്രീമിയമോ കുടിശ്ശികയോ ഇവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കേണ്ടതില്ലെന്ന് ഇക്കഴിഞ്ഞ 9ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചിരുന്നു. രണ്ടാംഘട്ടം ആരംഭിക്കുന്നതിലെ കാലതാമസം കാരണം പദ്ധതി സെപ്റ്റംബർ 30 വരെയും പിന്നീട് ഒക്ടോബർ 31 വരെയും ദീർഘിപ്പിച്ചു.
സ്പാർക്ക് സോഫ്റ്റ് വെയറിലെ സാങ്കേതിക പരിമിതി കാരണം മെഡിസെപ് ഐ.ഡി ഉണ്ടോയെന്ന് ഉറപ്പുവരുത്താതെ പ്രീമിയം ഈടാക്കുന്നതിനാൽ പല ജീവനക്കാരുടെയും ശമ്പളത്തിൽനിന്ന് പ്രീമിയവും കുടിശ്ശികയും പിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ ധനവകുപ്പ് പണം തിരിച്ചു നൽകുമെന്നും പറയുന്നു. ജീവനക്കാർക്ക് റീഫണ്ടിനായി അപേക്ഷിക്കാം. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിനായി ജീവനക്കാരുടെ വിവരങ്ങൾ ഡി.ഡി.ഒ അപ്ഡേറ്റ് ചെയ്ത് വെരിഫൈ ചെയ്യണമെന്നും അഡിഷണൽ സെക്രട്ടറി വി. അജയകുമാർ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.












