തിരുവനന്തപുരം: വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ (പിങ്ക് കാര്‍ഡ് ) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇനിയും അവസരം. ഓണ്‍ലൈനായി അപേക്ഷ ഒക്ടോബര്‍ 20 വരെ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റ് എന്നിവയിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ലാത്തതിനാല്‍ അര്‍ഹരായവര്‍ ഒട്ടും വൈകാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കാം.
അപേക്ഷിക്കാന്‍ സാധിക്കുന്നവര്‍
- തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ (മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാനുള്ള അര്‍ഹതയുണ്ടെന്ന സാക്ഷ്യപത്രം).
- മാരക രോഗമുള്ളവര്‍
- പട്ടികജാതി വിഭാഗക്കാര്‍
- പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍
- നിര്‍ധന ഭൂരഹിതഭവനരഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ നഗറുകള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയില്‍ ഈ വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം.
അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍
- 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി.
- സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍,ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ),
- ആദായനികുതി ദാതാക്കള്‍
- കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍
- നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെ),
- കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവര്‍ .
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
- വീടിന്റെ തറ വിസ്തീര്‍ണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം ആവശ്യമാണ്.
- പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎല്‍ സാക്ഷ്യപത്രം, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് വേണം.
- പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ കോപ്പി
- ഭവന നിര്‍മാണ പദ്ധതി വഴി വീട് ലഭിച്ചവരോ, വീട് മോശം അവസ്ഥയിലുള്ളവരോ ആണെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍
- വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവരും സാക്ഷ്യപത്രം
- മാരക രോഗങ്ങളുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം












