ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിൽ മലവെള്ളപ്പാച്ചിലുണ്ടായി. രാത്രി പെയ്ത മഴയിൽ വണ്ടിപ്പെരിയാറിലെ വീടുകളിൽ വെള്ളം കയറി. മല വെള്ളപ്പാച്ചിലിൽ പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലയിൽ വാഹനങ്ങളും വളർത്തു മൃഗങ്ങളും ഉൾപ്പെടെ ഒലിച്ചു പോയി. കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്.
മുല്ലപ്പെരിയാർ ഡാമിലെ ജല നിരപ്പ് 137 അടിയിലെത്തി. രാവിലെ ഡാമിന്‍റെ ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. 13 ഷട്ടറുകളാണ് തുറക്കുക. സെക്കൻഡിൽ 5000 ഘനയടി വരെ വെള്ളമാണ് തുറന്നുവിടുക. റൂൾ കർവ് അനുസരിച്ച് പിന്നീട് തുറന്നു വിടുന്ന ജലത്തിന്‍റെ അളവ് ഉയർത്താൻ സാധ്യതയുണ്ട്. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നറിയിച്ചിട്ടുണ്ട്. അതേസമയം കല്ലാർ ഡാമിലെ നാല് ഷട്ടറുകൾ മുഴുവൻ തുറന്നു.
കൂട്ടാറിൽ പുഴ നിറത്തുകവിഞ്ഞതിനെ തുടർന്ന് ട്രാവലർ ഒഴുകിപ്പോയി. നിർത്തിയിട്ട വാഹനമാണ് ഒഴുകിപ്പോയത്. നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും ഒഴുകിപ്പോയിട്ടുണ്ട്. പശു ഉൾപ്പെടെ വളർത്തുമൃഗങ്ങളും ഒഴുക്കിൽപ്പെട്ടു.
മുണ്ടിയെരുമയിൽ നിരവധി വീടുകളിൽ വെള്ളം കയറി. രണ്ടുനില വീടുകളുടെ ഒരു നില പൂർണമായും വെള്ളത്തിനടിയിലാണ്. ആളുകളെ മേഖലയിൽനിന്നും മാറ്റിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ നിലംപതിക്കുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു.
കുമിളിയിൽ തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവിടെ നിന്ന് 42 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
അപകട സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇടുക്കി സബ് കലക്ടറെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴക്കൊപ്പം മിന്നൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.












