ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയ തുക അക്കൗണ്ടിലുണ്ടായിരിക്കണം. റിട്ടയർമെൻ്റ് ജീവിതം സുരക്ഷിതമാക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ നിലവിൽ ലഭ്യമാണ്. ദേശീയ പെൻഷൻ സമ്പ്രദായം (NPS), ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയ്ക്ക് കീഴിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി ഇപ്പോൾ പുതിയ നിക്ഷേപ ഓപ്ഷനുകൾക്ക് ധനമന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നു. വെള്ളിയാഴ്ചയാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്.
ലൈഫ് സൈക്കിൾ (LC), ബാലൻസ് ലൈഫ് സൈക്കിൾ (BLC) എന്നീ നിക്ഷേപ ഓപ്ഷനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിപുലമായ നിക്ഷേപ സാധ്യതകൾ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഈ പുതിയ നിക്ഷേപ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
റിട്ടയർമെൻ്റ് പ്ലാനിംഗ് കൂടുതൽ ലളിതമാക്കുന്നതിനും, ജീവനക്കാർക്ക് അവരുടെ വിരമിക്കൽ കോർപ്പസ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഈ പുതിയ ഓപ്ഷനുകൾ സഹായകമാകും.
എന്താണ് ലൈഫ് സൈക്കിൾ ഓപ്ഷൻ?
നിക്ഷേപകൻ്റെ പ്രായത്തിനനുസരിച്ച് ഇക്വിറ്റി അലോക്കേഷൻ ഓട്ടോമാറ്റിക്കലി മാറുന്നു. ഇക്വിറ്റി എക്സ്പോഷർ കുറയ്ക്കുകയും നിക്ഷേപകൻ വിരമിക്കലിനോട് അടുക്കുമ്പോൾ അപകടസാധ്യത കുറഞ്ഞ കടത്തിലേക്കുള്ള വിഹിതം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ “ഓട്ടോ ചോയ്സ്” എന്ന് വിളിക്കുന്നു.
LC-25, LC-50, LC-75 എന്നിങ്ങനെ വ്യത്യസ്ത ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം പ്രായത്തിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു എന്നതാണ് പ്രത്യേകത. ഓരോന്നിനെ കുറിച്ചും അറിയാം;
1. LC-25: പരമാവധി ഇക്വിറ്റി അലോക്കേഷൻ 25% ആണ്. ഇത് 35 വയസ്സ് മുതൽ 55 വയസ്സ് വരെ ഘട്ടം ഘട്ടമായി കുറയും.
2. LC-50: പരമാവധി ഇക്വിറ്റി അലോക്കേഷൻ 50 ശതമാനമായി പരിമിതപ്പെടുത്തുന്നു. പ്രായത്തിനനുസരിച്ച് ഇത് കുറഞ്ഞുവരുന്നു.
3. LC-75: ഏറ്റവും ഉയർന്ന ഇക്വിറ്റി സാധ്യതയുള്ള ഓപ്ഷനാണിത്. പരമാവധി ഇക്വിറ്റി അലോക്കേഷൻ 75 ശതമാനമാണ്. ഇത് 35 വയസ്സ് മുതൽ 55 വയസ്സ് വരെ ക്രമേണ കുറയ്ക്കുന്നു.
എന്താണ് ബാലൻസ് ലൈഫ് സൈക്കിൾ ഓപ്ഷൻ?
ഇത് LC-50 ഓപ്ഷൻ്റെ പരിഷ്കരിച്ച പതിപ്പാണിത്. ഇപ്പോൾ ഇത് ഔദ്യോഗികമായി ഒരു അഗ്രസീവ് ഓട്ടോ-ചോയ്സ് ഓപ്ഷനായിട്ടാണ് അറിയപ്പെടുന്നത്. ഈ ഓപ്ഷനിൽ, 45 വയസ്സ് മുതലാണ് ഇക്വിറ്റി അലോക്കേഷൻ കുറയ്ക്കുന്നത്. ഇത് ആവശ്യമുള്ള ജീവനക്കാർക്ക് കൂടുതൽ കാലം ഇക്വിറ്റികളിൽ നിക്ഷേപം തുടരുന്നതിനും അതുവഴി മികച്ച റിട്ടേൺ നേടുന്നതിനും അവസരം നൽകുന്നു.
ഈ പുതിയ ഓപ്ഷനുകൾ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സമ്പാദ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭ്യമായ നിക്ഷേപ ഓപ്ഷനുകൾ
എൻപിഎസ്, യുപിഎസ് എന്നിവയ്ക്ക് കീഴിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചില നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്. അവ ഏതെല്ലാമെന്ന് അറിയാം;
ഡിഫോൾട്ട് ഓപ്ഷൻ: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നിർവചിക്കുന്ന നിക്ഷേപത്തിന്റെ ‘ഡിഫോൾട്ട് പാറ്റേൺ’ ആണിത്.
സ്കീം ജി: ഈ ഓപ്ഷനിൽ, നിക്ഷേപത്തിന്റെ 100 ശതമാനവും കുറഞ്ഞ റിസ്കും സ്ഥിര വരുമാനവും നൽകുന്ന സർക്കാർ നിയന്ത്രിത സെക്യൂരിറ്റികളിലായിരിക്കും.















