മുംബൈയിലെ പൊവായിൽ 17 കുട്ടികളടക്കം നിരവധി പേരെ ബന്ദികളാക്കി യുവാവ്. ആക്ടിംഗ് ക്ലാസുകൾ പതിവായി നടക്കുന്ന ആർഎ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. ഓഡീഷനെത്തിയ 17 കുട്ടികളെയും മറ്റ് രണ്ട് പേരെയുമാണ് ബന്ദികളാക്കിയത്. ഇത് പരിഭ്രാന്തി പരത്തുകയും വൻ പോലീസ് സന്നാഹമെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുട്ടികളെ ബന്ദികളാക്കിയത് സ്റ്റുഡിയോയിലെ ജീവനക്കാരനും ഒരു യൂട്യൂബ് ചാനൽ നടത്തുന്നതുമായ രോഹിത് ആര്യയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് എയർ ഗണുകളും രാസവസ്തുക്കളും പോലീസ് കണ്ടെടുത്തതായും പ്രതി ഒറ്റയ്ക്കായിരുന്നുവെന്ന് പറഞ്ഞതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദത്ത നളവാഡെ പറഞ്ഞു. ബലം പ്രയോഗിച്ച് ഒരു കുളിമുറിയിലൂടെയാണ് ഉദ്യോഗസ്ഥർ അകത്തുകടന്നത്.
സ്റ്റുഡിയോയുടെ ഗ്ലാസ് ജനാലകളിലൂടെ നിരവധി കുട്ടികൾ പുറത്തേക്ക് നോക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി രോഹിത് ഓഡിഷനുകൾ നടത്തിവരികയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച രാവിലെ, ഏകദേശം 100 കുട്ടികൾ ഓഡിഷനായി എത്തിയപ്പോൾ, 80 ഓളം കുട്ടികളെ പോകാൻ അനുവദിച്ചെങ്കിലും 15 മുതൽ 20 വരെ കുട്ടികളെ രോഹിത് ബന്ദികളാക്കി .












