കൊയിലാണ്ടി: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല(60) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇവരെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി എം സ്ഥാനാർത്ഥിയായി കാനത്തിൽ ജമീല വിജയിച്ചത്. എം.എൽ.എയാകുന്നതിന് മുമ്പ് രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ ജമീല ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി കൂടിയാണ്.
കാനത്തിൽ ജമീല 1995-ൽ തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റായാണ് ആദ്യമായി അധികാര സ്ഥാനത്ത് എത്തിയത്. അത്തോളി ചോയിക്കുളം സ്വദേശിയാണ് കാനത്തിൽ ജമീല. കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി. കെ. ആലിയുടേയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: കെ. അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോപ്പറേഷൻ ഓഫീസ്, കോഴിക്കോട്) മരുമക്കൾ: സുഹൈബ്, തേജു സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.















ആദരാഞ്ചലികൾ