24 മണിക്കൂറില്‍ 10000 ബുക്കിങ്ങുകള്‍ ലഭിച്ച് താരമായി ടാറ്റ ഹാരിയര്‍ ഇവി. ജൂലൈ 2 ന് ആരംഭിച്ച ബുക്കിങ് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10000 ഓര്‍ഡറുകള്‍ ലഭിച്ചു എന്നാണ് ടാറ്റ അറിയിക്കുന്നത്. നിര്‍മാണം ആരംഭിച്ചെന്നും ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. രണ്ട് ബാറ്ററി പായ്ക്കുകളില്‍ വ്യത്യസ്ത ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കുന്ന ഹാരിയര്‍ ഇവിയുടെ വില 21.49 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെയാണ്. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വാഹനമാണ് ഹാരിയര്‍ ഇവി.

കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള്‍ വീല്‍ ഡ്രൈവ് വാഹനവും ഹാരിയര്‍ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കാന്‍ ഹാരിയര്‍ ഇവിക്ക് സാധിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 32 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 45 പോയിന്റും ഹാരിയര്‍ ഇവി സ്വന്തമാക്കി. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഏറ്റവും അധികം പോയിന്റ് നേടുന്ന ടാറ്റ വാഹനമാണ് ഹാരിയര്‍ ഇവി. ഭാരത് എന്‍സിഎപി സുരക്ഷാ പരിശോധന നടത്തുന്ന ഏഴാമത്തെ വാഹനമാണ് ഹാരിയര്‍ ഇവി.















