ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിൽ നൽകിയ പരസ്യത്തിൽ വിശ്വസിച്ച് എറണാകുളം സ്വദേശിയായ 62-കാരന് നഷ്ടപ്പെട്ടത് 2.14 കോടി രൂപ. ഇടപ്പള്ളി സ്വദേശിയായ വെങ്കിട്ടരാമനാണ് തട്ടിപ്പുസംഘത്തിന്റെ വലയിൽ വീണത്. സംഭവത്തിൽ എറണാകുളം സിറ്റി സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഷെയർ ട്രേഡിംഗ് പരസ്യമാണ് തട്ടിപ്പിന് തുടക്കമിട്ടത്. പരസ്യത്തിനൊപ്പമുള്ള ലിങ്കിലൂടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച ശേഷം തട്ടിപ്പുകാർ വാട്ട്സ്ആപ്പ് വഴി ഇരകളുമായി ബന്ധപ്പെടുകയായിരുന്നു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ഇരകളെ പ്രലോഭിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ചെറിയ തുക ലാഭവിഹിതമായി നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് വൻ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇടപ്പള്ളി സ്വദേശിയായ വെങ്കിട്ടരാമൻ ഫേസ്ബുക്ക് പരസ്യം കണ്ട് ‘ആനന്ദ് രതി ഇൻവെസ്റ്റ്മെന്റ് സർവീസ്’ എന്ന വെബ്സൈറ്റിലാണ് എത്തിയത്. വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ മികച്ച വരുമാനം ഉറപ്പുനൽകി.
2025 ഒക്ടോബർ 30 മുതൽ ഡിസംബർ മൂന്ന് വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ, നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2,14,00,000 (രണ്ട് കോടി 14 ലക്ഷം) രൂപയാണ് വെങ്കിട്ടരാമനിൽ നിന്ന് ഇവർ തട്ടിയെടുത്തത്. പണം കൈപ്പറ്റിയ ശേഷം ലാഭ വിഹിതമോ, നിക്ഷേപിച്ച തുകയോ തിരികെ നൽകാൻ സംഘം തയ്യാറായില്ല. തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ വെങ്കിട്ടരാമനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഇതോടെ താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ വെങ്കിട്ടരാമൻ പരാതിയുമായി എറണാകുളം സിറ്റി സൈബർ പൊലിസിനെ സമീപിക്കുകയായിരുന്നു. വൻ തുകയുടെ തട്ടിപ്പായതിനാൽ പൊലിസ് ഗൗരവത്തോടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.













