കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ( KSCCE ) ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026ലെ നിയമന പ്രക്രിയയുടെ ഭാഗമായി, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെ അവസരം നേടാന്‍ സാധിക്കും. ഡിസംബര്‍ 20 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
കേരളത്തിലെ വിവിധ ക്ലിനിക്കല്‍ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ മുഖേന മാത്രമാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുക. അപേക്ഷകരുടെ പ്രായപരിധി 18 വയസ് മുതല്‍ 36 വയസ് വരെയായിരിക്കണം. അതേസമയം പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിയമ പ്രകാരം പ്രായപരിധിയില്‍ ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് പ്ലസ് ടു (പന്ത്രണ്ടാം ക്ലാസ്) പാസായിരിക്കണം. അതുകൂടാതെ, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരു ഡിപ്ലോമയും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനവും നിര്‍ബന്ധമാണ്. മുന്‍പരിചയമുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. ഈ തസ്തികകളിലേക്കുള്ള ഒഴിവുകളുടെ എണ്ണം നിലവില്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥാപനത്തിന്റെ നിലവിലുള്ള നിയമ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. ാഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യാതൊരു വിധ അപേക്ഷാ ഫീസും ഈടാക്കുന്നതല്ല. അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയില്‍ രേഖാ പരിശോധനയും വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുന്നു. ഈ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തസ്തികയിലേക്ക് പരിഗണന ലഭിക്കും.
അതിനാല്‍, ഇന്റര്‍വ്യൂവിന് മുമ്പായി എല്ലാ രേഖകളും കൃത്യമായി തയ്യാറാക്കണം. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ 2026 ജനുവരി 5-ന് രാവിലെ 9:30-ന് നടക്കും. തിരുവനന്തപുരം തൈക്കാടുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന്റെ ഹോസ്റ്റല്‍ ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും അഭിമുഖം. അപേക്ഷയ്ക്കായി, www.clinicalestablishments.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുക. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് എല്ലാ വിവരങ്ങളും തെറ്റുകൂടാതെ പൂരിപ്പിക്കുക. നിങ്ങളുടെ സ്വന്തം കൈയൊപ്പ് സഹിതം ആവശ്യമായ എല്ലാ രേഖകളും അപേക്ഷയോടൊപ്പം ചേര്‍ക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെയും അനുബന്ധ രേഖകളുടെയും ഒരു പകര്‍പ്പ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.













