---പരസ്യം---

‘ശബ്ദത്തേക്കാള്‍ അഞ്ചുമടങ്ങ് വേഗതയില്‍ പറക്കാം’; ഏഴ് മണിക്കൂര്‍ യാത്രക്ക് ഇനി വേണ്ടത് 45 മിനുട്ട്സാധാരണ വാണിജ്യ വിമാനത്തേക്കാള്‍ ഇരട്ടി ഉയരത്തിലാകും ഈ ഹൈപ്പര്‍സോണിക് എയര്‍ലൈനര്‍ പറക്കുക

On: May 25, 2025 2:11 PM
Follow Us:
പരസ്യം

മാഡ്രിട്: അതിവേഗം പറക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിനായി തയ്യാറായിക്കോള്ളു.നാല്‍പ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ സാധിക്കുന്ന ഹെപ്പര്‍സോണിക് ജെറ്റുകള്‍ (A- HyM ) വികസിപ്പിക്കുന്നു. സ്പാനിഷ് ഏറോ സ്പെയ്സ് ഡിസൈനര്‍ ഓസ്‌കാര്‍ വിനാല്‍സാണ് ജെറ്റ് വികസിപ്പിക്കുന്നത്. ശബ്ദത്തേക്കാള്‍ 5 മടങ്ങ് വേഗതയില്‍ പറന്ന് 45 മിനിറ്റിനുള്ളില്‍ ഇനി ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലെത്താന്‍ കഴിയും. 170 യാത്രക്കാരെ വഹിച്ചുകൊണ്ട് 98,425 അടി (30,000 മീറ്റര്‍) ഉയരത്തില്‍ A- HyM ന് പറക്കാന്‍ സാധിക്കും. സാധാരണ വാണിജ്യ വിമാനത്തേക്കാള്‍ ഇരട്ടി ഉയരത്തില്‍ ഈ ഹൈപ്പര്‍സോണിക് എയര്‍ലൈനര്‍ പറക്കും. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് സാധാരണ ഏഴുമണിക്കൂറും പത്തുമിനിറ്റുമാണ് സമയമെടുക്കാറുള്ളത്.

‘ അമ്പരപ്പിക്കുന്ന വേഗതയില്‍ മികച്ച അനുഭവമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. കൂടാതെ സമയം ലാഭിക്കാനും കഴിയും. 45 മിനിറ്റ് യാത്രക്ക് പുറമെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കയറി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒന്നരമണിക്കൂര്‍ മതിയാകും,” വിനാല്‍സ് പറഞ്ഞു. ഹൈപ്പര്‍സോണിക് വേഗതയില്‍ പറക്കുക എന്നത് വളരെ സങ്കീര്‍ണവും സാങ്കേതിക വെല്ലുവിളികളും നിറഞ്ഞതാണ്. ഏറ്റവും പ്രശ്നം കടുത്ത ചൂടാണ്. ഉയര്‍ന്ന വേഗതയില്‍ വായുവിന്റെ ഘര്‍ഷണം മൂലമുണ്ടാകുന്ന 1,000°C വരെയുള്ള താപനിലയെ A-HyM അതിജീവിക്കേണ്ടിവരും. അതിനാല്‍ വിമാനത്തിന്റെ ഘടനയില്‍ ടൈറ്റാനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിക്കണമെന്ന് വിനാല്‍സ് പറഞ്ഞു. ഇവ ഭാരം കുറഞ്ഞതും ഉയര്‍ന്ന ചൂടിനെയും പ്രതിരോധിക്കുന്നു. ഉയരത്തില്‍ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇവ അനുയോജ്യമാണ്.

വിമാനത്തിലെ യാത്ര ഒരു പുതിയ അനുഭവമായിരിക്കും. ചെറിയ ജനാലകള്‍ക്ക് പകരം, വിമാനത്തിന് പുറത്തുനിന്നുള്ള തത്സമയ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വെര്‍ച്വല്‍ പനോരമിക് ഡിസ്‌പ്ലേകളിലൂടെ യാത്രക്കാര്‍ക്ക് കാഴ്ചകള്‍ കാണാന്‍ കഴിയും. വിശാലവും ഏറെ പ്രത്യേകതകളുമുള്ള ക്യാബിനുകളാണ് വിമാനത്തിലുള്ളത്. നൂതനമായ ഇന്‍-ഫ്ലൈറ്റ് സംവിധാനമുള്ളതിനാല്‍ യാത്ര അനുഭവം സാധാരണ വിമാനയാത്രയില്‍ നിന്ന് വ്യത്യസ്തമായി ഒരു ആഡംബര ലോഞ്ചില്‍ സഞ്ചരിക്കുന്നതുപോലെ അനുഭവപ്പെടും.

അള്‍ട്രോ ഫാസ്റ്റ് യാത്രകളോടുള്ള താല്‍പര്യമാണ് A-HyM വിമാനങ്ങളുടെ രൂപകല്‍പ്പനകളിലേക്ക് നയിക്കുന്നത്. ഹൈഡ്രജന്‍ പ്രൊപ്പല്‍ഷന്‍, സോണിക് ബൂം സപ്രഷന്‍, ODE എഞ്ചിനുകള്‍ പോലുള്ള ഒരു കാലത്ത് സയന്‍സ് ഫിക്ഷന്‍ ആയി കണക്കാക്കപ്പെട്ടിരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് ഇപ്പോള്‍ ലോകമെമ്പാടുമുള്ള എയ്‌റോസ്‌പേസ് സ്ഥാപനങ്ങളും ബഹിരാകാശ ഏജന്‍സികളും സജീവമായി ഗവേഷണം നടത്തുന്നു. ഓസ്‌കാര്‍ വിനാല്‍സിനെ പോലുള്ളവരുടെ ഇത്തരം കണ്ടെത്തലുകള്‍ വ്യോമയാന മേഖലക്ക് വലിയ മുതല്‍ക്കൂട്ടാണ്. ആഗോള ബിസിനസ് യാത്രകള്‍, അവധിക്കാലങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിപ്പെടാന്‍ ഭാവിയില്‍ സാധിക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!